വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്; ആരോഗ്യത്തിന് ദോഷകരമെന്ന് വിദഗ്ധർ

ഒരു മനുഷ്യന് പകൽ മുഴുവൻ ആവശ്യമായ ഊർജം നൽകുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാൽ തന്നെ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ രാവിലെ അതായത് വെറും വയറ്റിൽ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വെറും വയറ്റിൽ ഒരിയ്ക്കലും എരിവുള്ള ഭക്ഷണങ്ങൾ കഴിയ്ക്കരുത്. ഇത് ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലിനും കാരണമാകും. സിട്രസ് പഴങ്ങളും രാവിലെ കഴിക്കുന്നത് നല്ലതല്ല. ഓറഞ്ച്, മൊസംബി തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. എന്നാൽ ഇത് വെറും വയറ്റിൽ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിലെ മഗ്‌നീഷ്യത്തിൻറെ അളവ് കൂട്ടും. ഇത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. കൊക്കക്കോള പോലെയുള്ള പാനീയങ്ങൾ രാവിലെ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്.

തക്കാളി വെറും വയറ്റിൽ കഴിക്കുന്നതും ഒഴിവാക്കണം. തക്കാളിയിലെ ഘടകങ്ങൾ അസിഡിറ്റി വർദ്ധിപ്പിക്കുകയും ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. പകുതി വേവിച്ച പച്ചക്കറികൾ വെറും വയറ്റിൽ കഴിയ്ക്കുന്നതും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. കാരറ്റ്, ബീറ്റ്‌റൂട്ട് പോലുള്ള പച്ചക്കറികൾ വെറുംവയറ്റിൽ കഴിയ്ക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കിടയാക്കും.