പുസ്തകമെഴുതിയ വിഷയത്തിൽ എം ശിവശങ്കറിനെതിരെ നടപടിയില്ല; തീരുമാനവുമായി സർക്കാർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ വിഷയത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന് തീരുമാനിച്ച് സർക്കാർ. സർക്കാരിനേയോ സർക്കാർ നയങ്ങളേയോ വിമർശിക്കുന്ന പരാമർശങ്ങളൊന്നും പുസ്തകത്തിൽ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സർവ്വീസിലിരിക്കുമ്പോൾ പുസ്തകമെഴുതിയതിന് മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.

1968-ലെ ഓൾ ഇന്ത്യ സർവീസ് റൂൾ അനുസരിച്ച് സർവീസിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സർവീസിലിരിക്കുന്ന കാലയളവിൽ പുസ്തകം എഴുതുന്നതിന് മുൻകൂർ അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എഴുതുന്ന പുസ്തകത്തിൽ സർക്കാരിന്റെ നയങ്ങളെയോ സർക്കാരിനെയോ വിമർശിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാം. ഇതുപ്രകാരമാണ് മുൻ ഡിജിപി ജേക്കബ് തോമസിന്റെ പുസ്തകം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. എന്നാൽ എം ശിവശങ്കറിന്റെ പുസ്തകത്തിൽ സർക്കാരിനെതിരെ വിമർശനമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ തീരുമാനിച്ചു.

കേന്ദ്ര സർക്കാർ ഏജൻസികൾക്കെതിരെയും മാദ്ധ്യമങ്ങൾക്കെതിരെയുമാണ് എം. ശിവശങ്കറിന്റെ ആത്മകഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സർക്കാർ ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലെത്തിയത്. പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ശിവശങ്കറിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ നടപടിയെക്കുറിച്ച് പുനരാലോചിക്കാമെന്നും സർക്കാർ പറയുന്നു.