സന്‍ഫ്രാന്‍സിസ്കോ: ഫെബ്രുവരി 3നാണ് ഫേസ്ബുക്കിന്റെ 2021 അവസാന പാദത്തിലെ ഏണിംഗ് റിപ്പോര്‍ട്ട് മാതൃ കമ്പനിയായ മെറ്റ പുറത്തുവിട്ടത്. ഇത് പ്രകാരം ചരിത്രത്തില്‍ ആദ്യമായി ഫേസ്ബുക്കില്‍ ദിവസേനയുള്ള സജീവ അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. 2021 അവസാന പാദത്തില്‍ നേരത്തെയുള്ള 1.930 ബില്ല്യണ്‍ ദിവസേനയുള്ള സജീവ ഉപയോക്താക്കളുടെ കണക്ക് 1.929 ബില്ല്യണ്‍ ആയി കുറഞ്ഞു. വരുമാന വര്‍ദ്ധനവിലും ഫേസ്ബുക്കിന് കുറവ് സംഭവിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
20 ശതമാനത്തോളം ഓഹരി വിലയില്‍ മെറ്റയ്ക്ക് ഇടിവ് സംഭവിച്ചു. ഏതാണ്ട് 2000 കോടി ഡോളറിന്റെ നഷ്ടമാണ് മെറ്റയ്ക്ക് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം തന്നെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഓഹരികളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ഫേസ്ബുക്കിന്റെ വില്‍പ്പന വളര്‍ച്ചയില്‍ നേരിട്ട തിരിച്ചടിക്ക് വിവിധ കാരണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനമായത് ആപ്പിളിന്റെ ഡിവൈസുകളില്‍ സംഭവിച്ച പ്രൈവസി മാറ്റങ്ങളാണ്. ഒപ്പം തന്നെ കൂടുതല്‍ യുവാക്കള്‍ മറ്റ് പ്ലാറ്റ്ഫോമുകള് തേടിപ്പോകുന്നുമുണ്ട്. അമേരിക്കന്‍ വിപണിയിലെ ടിക്ടോക്കിന്റെ വളര്‍ച്ച ഒരു കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ കാര്യമായ യൂസര്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇവയുടെയും വളര്‍ച്ച നിരക്കില്‍ കാര്യമായ വ്യത്യാസം ഇല്ലാത്തത് മെറ്റയ്ക്ക് ആശങ്കയുണ്ടാക്കുന്ന സൂചനയാണ് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫേസ്ബുക്കിന്റെ ഡൗണ്‍ലോഡിനെ 2021 ല്‍ ഇന്‍സ്റ്റഗ്രാം മറികടന്നിട്ടുണ്ട്.

