തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ശിവശങ്കർ ആത്മകഥയിൽ എഴുതിയെങ്കിൽ അത് മോശമാണെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു. ശിവശങ്കർ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണെന്നും സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണെന്നും സ്വപ്‌ന പറയുന്നു.
അനധികൃത ഇടപാടുകൾ നടത്തിയത് ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നു. താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ല. തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീൻ ചീറ്റ് നേടേണ്ട. താൻ മാത്രം നല്ലത് എന്ന് വരുത്താൻ ശ്രമിക്കുന്നത് നല്ലതാണോയെന്നും സ്വപ്ന ചോദിച്ചു.
യുഎഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം. അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാർക്കിൽ ജോലി നേടിയതും ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ്. ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം സ്വപ്ന സുരേഷ് എന്ന താൻ വളർന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ലെന്നും ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും സ്വപ്‌നാ സുരേഷ് വ്യക്തമാക്കി.
ശിവശങ്കറുമായി അടുപ്പത്തിലായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് തന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പേഴ്‌സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അതെല്ലാം നൽകിയത്. എന്നാൽ അതിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

