ഉഭയസമ്മത പ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നത്; പോലീസിനെ വെട്ടിലാക്കി സ്ത്രീകളുടെ മൊഴി

കൊച്ചി: കേരള സമൂഹത്തിന് തന്നെ വലിയെ ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം. ഭാര്യമാരെ ലൈംഗികാസ്വാദനത്തിനു പരസ്പരം കൈമാറുന്ന സംഘത്തെയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്ന് പൊലീസ് പിടികൂടിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തു വന്നത്.

ഉഭയസമ്മത പ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നതെന്നാണ് ഭൂരിഭാഗം പേരും നൽകിയിരിക്കുന്ന മൊഴി. ലൈംഗിക ആസ്വാദനത്തിനു വേണ്ടി ഞങ്ങളും ഇതിൽ ചേർന്നതാണെന്നും, ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും, തങ്ങളെ ആരും ബലാൽസംഗം ചെയ്തിട്ടില്ലെന്നും ഇവർ പറയുന്നു. ഒരു കേസിൽ മാത്രമാണ് പീഡനം നടന്നതായി പരാതി ലഭിച്ചിട്ടുള്ളത്.

പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ ഇടപെടാൻ കഴിയില്ലെന്ന് നേരത്തെ കോട്ടയം ജില്ലാ പോലീസ് മേധാവി ശിൽപ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതിൽ കേസെടുത്താൽ സദാചാര പോലീസിംഗ് ആകുമെന്നുമായിരുന്നു ശിൽപയുടെ പ്രതികരണം. കേസിലെ സ്ത്രീകൾ നൽകിയ മൊഴി കൂടി കണക്കിലെടുത്താണ് ശിൽപ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

പരാതി ഉള്ള കേസിൽ മാത്രമേ പൊലീസിന് നടപടി സ്വീകരിക്കാൻ കഴിയൂവെന്നും ശിൽപ വ്യക്തമാക്കിയിരുന്നു. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കിൽ അത് റേപ് ആണെന്നും അങ്ങനെ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും ശിൽപ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പങ്കാളികളെ പങ്കുവെച്ചതിൽ നിലവിൽ കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസ് ബലാത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. ഭർത്താവ് തന്നെ നിർബന്ധിച്ചതായി ഭാര്യ മൊഴി നൽകുകയും ചെയ്തിരുന്നുവെന്ന് ശിൽപ വ്യക്തമാക്കിട്ടുണ്ട്.

കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നായിരുന്നു ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തിൽ. ആവശ്യം വിസമ്മതിപ്പിച്ചപ്പോൾ ഭർത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരൻ പറഞ്ഞിരുന്നു. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞുവെന്നും ഇരയുടെ സഹോദരൻ വെളിപ്പെടുത്തിയിട്ടുണ്ട്.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്നും കപ്പിൾ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനം നടന്നിരുന്നതെന്നും പൊലിസ് കണ്ടെത്തിയിരുന്നു.