കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. മലയോര ഹൈവേ പ്രവർത്തി പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറരുതെന്നും മന്ത്രി നിർദ്ദേശിച്ചു. കോടഞ്ചേരി-കക്കാടം പൊയിൽ, തലയാട്- കോടഞ്ചേരി, 28ആം മൈൽ- തലയാട്, പുല്ല് വയൽ- തൊട്ടിൽപ്പാലം, നിരവിൽപുഴ- മൂന്നാംകൈ-തൊട്ടിൽപാലം എന്നീ റോഡുകളിലെ വിവിധ റീച്ചുകളിലായുള്ള പ്രവൃത്തികൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു.
കോടഞ്ചേരി- കക്കാടം പൊയിൽ റോഡിൽ റീ അലൈൻമെന്റ് ആവശ്യമുള്ള ആറ് കിലോമീറ്ററിൽ ഫെബ്രുവരി 28 നകം സർവ്വേ പൂർത്തീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. മെയ് 20ന് മുൻപ് ഈ സ്ട്രെച്ചിന്റെ പ്രവൃത്തി പൂർത്തീകരിക്കാനും സെപ്തംബറിൽ മുഴുവൻ റോഡിന്റെയും പ്രവൃത്തി പൂർത്തീകരിക്കാനുമാണ് നിർദ്ദേശം. തലയാട്- കോടഞ്ചേരി റോഡിൽ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി ഫെബ്രുവരി ഒൻപതിനകം ലഭ്യമാക്കും. പുതിയ ഡി പി ആർ ഉടൻ നവീകരിക്കും. സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിലെ പ്രശനം പരിഹരിക്കാനും അദ്ദേഹം അധികൃതരോട് നിർദ്ദേശിച്ചു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, ഇ കെ വിജയൻ, ലിന്റോ ജോസഫ്, കാനത്തിൽ ജമീല, കെ കെ രമ, ജില്ലാകലക്ടർ എൻ തേജ് ലോഹിത് റെഡ്ഢി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ജോയ്ന്റ് സെക്രട്ടറി സാംബശിവ റാവു, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

