തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ വാദം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിന് രാജ്ഭവൻ സർക്കാരിന് നിർദ്ദേശം നൽകിയില്ലെന്ന് ഗവർണർ വിശദമാക്കുന്നു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് നടപടി തുടങ്ങിയതെന്നും പുനർനിയമനം നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ടെത്തി ആവശ്യപ്പെട്ടുവെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ ഗവർണ്ണർക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനർനിയമനം നിയമപരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവൻ അറിയിച്ചു. കണ്ണൂർ വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നും സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവൻ വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.
ഗവർണ്ണറുടെ സെക്രട്ടറി സർക്കാറിലേക്ക് അയച്ച കത്തിൽ പുനർനിയമന നടപടികളുമായി സർക്കാറിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അതിന് പിന്നാലെയാണ് ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനാവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു കത്തയച്ചതെന്നും സ്റ്റേറ്റ് അറ്റോർണി ലോകായുക്തിയിൽ വാദിച്ചിരുന്നു നവംബർ 2 2നായിരുന്നു ഈ കത്ത് അയച്ചത്. കത്തിൽ ശുപാർശ അല്ല നിർദ്ദേശം മാത്രമല്ലേ ഉള്ളൂവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.

