കൊല്ലം ജില്ലയില്‍ 4,841 കുടുംബങ്ങള്‍ അതിദരിദ്രരുടെ മുന്‍ഗണനാ പട്ടികയില്‍

കരുനാഗപ്പള്ളി: കൊല്ലം ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 4,841 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടികയാണ് തയ്യാറായത്.

ആദ്യഘട്ടത്തില്‍ 68 ഗ്രാമപ്പഞ്ചായത്തുകളിലെ 1,234 വാര്‍ഡുകളിലായി 5,950 കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. അതില്‍നിന്ന് 4,441 കുടുംബങ്ങളുടെ പട്ടിക സബ്കമ്മിറ്റി അംഗീകരിച്ചു. വിശദമായ പരിശോധനയില്‍ 876 കുടുംബങ്ങളില്‍ സൂപ്പര്‍ പരിശോധന നടത്തുകയും ചെയ്തു. ആകെ 3,950 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി. കൊല്ലം കോര്‍പ്പറേഷനിലെയും നാലു നഗരസഭകളിലെയും 185 വാര്‍ഡുകളിലായി 1,107 കുടുംബങ്ങളുടെ പ്രാഥമിക പട്ടികയും തയ്യാറായി.

രണ്ടാംഘട്ടത്തില്‍ 1,083 കുടുംബങ്ങളുടെ പട്ടിക സബ്കമ്മിറ്റി അംഗീകരിക്കുകയും, 216 കുടുംബങ്ങളില്‍ സൂപ്പര്‍ പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് 891 പേരുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കി. ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷനുകളിലുമായി ആകെ 1,419 വാര്‍ഡുകളിലെ 8,54,947 കുടുംബങ്ങളില്‍ നിന്നാണ് അതിദരിദ്രരുടെ കണക്കെടുത്തത്. ആകെ 7,057 കുടുംബങ്ങളെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തി. 5,524 കുടുംബങ്ങളെ സബ്കമ്മിറ്റി അംഗീകരിക്കുകയും വിശദമായ പരിശോധനകള്‍ക്കുശേഷം 4,841 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയുമായിരുന്നു.