ന്യൂഡല്‍ഹി: 2022 ആഗസ്റ്റില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുമെന്നും, ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. ഗഗന്‍യാന്‍ പരീക്ഷണ ദൗത്യങ്ങളും ഈ വര്‍ഷം തന്നെ നടപ്പിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഈ പദ്ധതിയില്‍ രണ്ട് ദൗത്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹവും, ഒരു ഗതി നിര്‍ണ്ണയ ഉപഗ്രഹവും രാജ്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ദൗത്യങ്ങള്‍ എസ്എസ്എല്‍വിയിലും ഉണ്ട്. ആകെ 10 വിക്ഷേപണ ദൗത്യങ്ങളാണ് 2023ല്‍ പ്രതീക്ഷിക്കുന്നത്. അഞ്ചെണ്ണം പിഎസ്എല്‍വി ദൗത്യങ്ങളാണ്. ഒന്ന് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ ദൗത്യവും രണ്ടെണ്ണം ജിഎസ്എല്‍വി മാര്‍ക്ക് ടു ദൗത്യങ്ങളുമാണ്.
ഓഷ്യന്‍സാറ്റ് ശ്രേണിയിലെ ഉപഗ്രഹവും, സ്വകാര്യ കമ്പനിയുടെ ആദ്യ ഉപഗ്രഹവുമായ ആനന്ദും ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. കൊവിഡ് മൂലം താളം തെറ്റിയ ഇത്തരം പദ്ധതികളെ വീണ്ടും പഴയരീതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

