യുപി നിയമസഭാ തിരഞ്ഞെടുപ്പ്: ഡിജിറ്റല്‍ പ്രചരണങ്ങളുമായി പാര്‍ട്ടികള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11 വരെ ഒരു പാര്‍ട്ടിക്കും പൊതുയോഗം, പദയാത്ര, സൈക്കിള്‍ റാലി, ബൈക്ക് റാലി റോഡ് ഷോ എന്നിവ നടത്താനുള്ള അനുമതിയില്ല. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ കൂടുതലായി രാഷ്ട്രീയ പ്രചരണം നടക്കുന്നത്. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ഡിജിറ്റല്‍ പ്രചാരണത്തില്‍ ബിജെപിയാണ് നിലവില്‍ ഒന്നാമത്. നവമാധ്യമ രംഗത്ത് വലിയ സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം യുപിയിലും ഗുണകരമായി ഉപയോഗിക്കാനൊരുങ്ങുകയാണ് ബിജെപി. അതേസമയം സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇത്തരം പ്രചരണത്തില്‍ വളരെയേറെ പിന്നിലാണ്.

ബൂത്ത് തലത്തില്‍ വെര്‍ച്വല്‍ റാലികള്‍ സംഘടിപ്പിക്കാനായി ബിജെപി ഇതിനകം തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളും ഉണ്ടാക്കി. പ്രാദേശിക തലത്തില്‍ ഒരുക്കിയിട്ടുള്ള വാര്‍ റൂം വഴി എല്ലാ ജില്ലകളില്‍ നിന്നും ദിവസേനയുള്ള രാഷ്ട്രീയ സാഹഹചര്യം സംബന്ധിച്ചുള്ള നിരീക്ഷണം നടത്തുന്നു. നവമാധ്യമ ഇടപെടലുകള്‍ കൂടാതെ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളുമായി സംവദിച്ച് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ മനസിലാക്കാനായി ബൂത്ത് തലത്തിലും പ്രവര്‍ത്തകരെ പാര്‍ട്ടി സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും വോട്ടര്‍മാരിലേക്ക് എത്താന്‍ വെര്‍ച്വല്‍ റാലികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. എസ്പിയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബൂത്ത് തലങ്ങളില്‍ യോഗങ്ങള്‍ നടക്കുന്നുണ്ട്. ഇതേ ബൂത്തില്‍ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആളുകളെ ബന്ധിപ്പിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി ഒരാളെ സജ്ജമാക്കിയിട്ടുമുണ്ട്. പല ജില്ലകളിലും സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുതോറുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ പാര്‍ട്ടി ജനങ്ങളിലേക്ക് എത്തുകയാണ്.
ഇത്തരം വെര്‍ച്വല്‍ മാധ്യമത്തിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് എത്താനാണ് കോണ്‍ഗ്രസിന്റെയും തീരുമാനം. മറുവശത്ത്, പ്രധാന അസംബ്ലി മണ്ഡലങ്ങളിലേക്ക് അതിന്റെ എല്ലാ താരപ്രചാരകരെയും അയച്ച്, വാര്‍ത്താ സമ്മേളനങ്ങളും വീടുതോറുമുള്ള പ്രചാരണങ്ങളും നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ ഏറെ പിന്നിലാണ് ബഹുജന്‍ പാര്‍ട്ടി. മുതിര്‍ന്ന ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ഇപ്പോള്‍ തത്സമയ റാലികള്‍ നടത്താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുമണ്ട്. എന്നാല്‍, എതിരാളികള്‍ സ്വീകരിക്കുന്ന ഡിജിറ്റല്‍ തന്ത്രത്തിനൊപ്പം നില്‍ക്കാനുള്ള യാതൊരു പരിശ്രമവും ബഹുജന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുമില്ല.