ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രധാനമന്ത്രി ഇന്ത്യക്കെതിരെ ചൈനയേയും പാകിസ്താനേയും ഒരുമിച്ചു കൊണ്ടുവന്നൂവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുമ്പോഴും ചൈന- പാകിസ്താൻ ബന്ധം ശക്തമായിരുന്നുവെന്ന ചില ചരിത്രങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1963 ൽ കോൺഗ്രസ് ഭരിക്കുമ്പോഴാണ് പാകിസ്താൻ നിയമവിരുദ്ധമായി ഷക്സാം താഴ്‌വര ചൈനക്ക് കൈമാറിയതെന്നും ഇങ്ങനെയും ചില ചരിത്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരിലൂടെ 1970 ൽ ചൈന കാരക്കോറം ഹൈവേ നിർമിച്ചു. 2013 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി നിർമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ചൈനയെയും പാകിസ്താനെയും ഒരുമിച്ച് അണിനിരത്തി എന്നതാണ് ഇന്ത്യയിലെ ജനങ്ങളോട് ബി.ജെ.പി സർക്കാർ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇന്ത്യക്കെതിരെ ചൈനയും പാകിസ്താനും യോജിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ഇന്ത്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു.ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വ്യക്തമായ പദ്ധതികളുണ്ട്. അതാണ് അവർ ലഡാക്കിലും ഡോക്ലാമിലും നടപ്പാക്കിയതെന്നുമാണ് രാഹുൽ ആരോപിച്ചത്.
എന്നാൽ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി അമേരിക്ക.ഇത്തരം പരാമർശങ്ങളെ അംഗീകരിക്കില്ലെന്നും ചൈന – പാകിസ്താൻ ബന്ധത്തെക്കുറിച്ച് അവർ തന്നെ പറയട്ടേയെന്നും അമേരിക്കൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

