‘അലസ ജീവിത പ്രേമി’; ഏഴ് വിധികളിലൂടെ പറ്റിയത് കോടികള്‍; സിറിയക് ജോസഫിനെതിരെ വീണ്ടും ജലീല്‍

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും മുന്‍ മന്ത്രി കെ ടി. ജലീല്‍ രംഗത്ത്. അലസ ജീവിത പ്രേമിയാണെന്നും, വിധി പ്രസ്താവിക്കാത്ത ന്യായാധിപന്‍ ആണ് സിറിയക് ജോസഫെന്നുമാണ് കെ ടി ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളെന്നായിരുന്നു മുന്‍പ് ജലീല്‍ വിമര്‍ശിച്ചിരുന്നത്. സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തില്‍ ഏഴ് കേസുകളില്‍ മാത്രം വിധി പറഞ്ഞതെന്നും ജലീല്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘അലസ ജീവിത പ്രേമി’ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍ വിധി പറഞ്ഞതോ ഏഴേഏഴ്!

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus Judiciary’ എന്ന പുസ്തകത്തില്‍ സുധാംഷു രന്‍ജന്‍ എഴുതുന്നു:

‘ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.
എന്നിട്ടും ഉത്തര്‍ഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കര്‍ണാടകയിലും അതേ പദവിയില്‍ എത്തിപ്പെട്ടു.
അപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി അതുപോലെ തന്നെ തുടര്‍ന്നു.

ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നല്‍കി. 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെയുള്ള (മൂന്നര വര്‍ഷം) സേവനകാലയളവില്‍ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുള്‍പ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.

ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളില്‍ പിറുപിറുപ്പ് ഉയര്‍ന്ന അവസാനനാളുകളിലാണ് മേല്‍പ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.

അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എന്‍എച്ച്ആര്‍സി (ദേശീയ മനുഷ്യാവകാശ കമ്മീഷന്‍) അംഗത്വം സമ്മാനിക്കുകയായിരുന്നു'(പേജ് 260)