പരീക്ഷാ ചോദ്യപേപ്പറിലും താരമായി മിന്നൽ മുരളി; വൈറലായി എൻജിനീയറിങ് കോളേജിലെ മിന്നൽ ചോദ്യപേപ്പർ

പ്രേക്ഷക ഹൃദയങ്ങളിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയ ചിത്രമാണ് ബേസിൽ ജോസഫിന്റെ മിന്നൽ മുരളി. മലയാളത്തിന്റെ സൂപ്പർ ഹീറോയെ ലോകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം സൂപ്പർ ഹിറ്റായതിന് പിന്നാലെ റോഡ് സുരക്ഷയ്ക്കും സ്ത്രീ സുരക്ഷയ്ക്കുമെല്ലാം മിന്നൽ മുരളിയെ ഉപയോഗിച്ചിരുന്നു. ഇതിന് പുറമെ പരീക്ഷാ ചോദ്യപേപ്പറിൽ വരെ മിന്നൽ മുരളി താരമായി കഴിഞ്ഞു. ഒരു എൻജിനീയറിങ് കോളേജിലെ ചോദ്യപേപ്പറിലാണ് കുറുക്കൻമൂലയും മിന്നൽ മുരളിയുമെല്ലാം കഥാപാത്രങ്ങളായി എത്തുന്നത്.

മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്‌നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. കുറുക്കൻ മൂലയിലെ കുടിവെള്ള പ്രശ്‌നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് പരിഹരിക്കുന്നു. ഇങ്ങനെയാണ് ചോദ്യത്തിൽ പറഞ്ഞിട്ടുള്ളത്. മിന്നൽ മുരളി സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പെടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ ചോദ്യപേപ്പർ പങ്കുവച്ചിട്ടുണ്ട്.

പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാനുള്ള ഇത്തരം പരീക്ഷണങ്ങൾ എന്നാണ് ചോദ്യപേപ്പർ തയ്യാറാക്കിയതിന് പിന്നിൽ പ്രവർത്തിച്ച കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. കുര്യൻ ജോൺ വ്യക്തമാക്കുന്നു. നേരത്തെയും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇത്രയും ശ്രദ്ധ പിടിച്ചുപറ്റുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.