കൊച്ചി: നടി ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഇതോടൊപ്പമുള്ള മറ്റു കേസുകൾ കേൾക്കേണ്ടതിനാലാണ് കോടതി ഹർജി നാളേക്ക് മാറ്റി വെച്ചത്. പ്രതിഭാഗത്തിന് കൂടുതൽ കാര്യങ്ങൾ ഇനിയും ബോധിപ്പിക്കാനുണ്ടെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ അറിയിച്ചു.
കേസിൽ പ്രോസിക്യൂഷന്റെ വാദം ഇതുവരെ തുടങ്ങിയിട്ടില്ല. നാളെ പ്രോസിക്യൂഷന്റെ വാദം കോടതി കേൾക്കുമെന്നാണ് വിവരം. നാളെ ഉച്ചക്ക് ശേഷം 1.45നായിരിക്കും കേസ് പരിഗണിക്കുക. ദിലീപാണ് കേസിലെ ഒന്നാംപ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
തന്നെ കേസിൽ കുടുക്കിയവരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയതെന്നും അല്ലാതെ വധ ഗൂഢാലോചന അല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. മൊഴികൾ വിശ്വാസത്തിലെടുക്കരുതെന്നും പ്രതിഭാഗം പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസെടുത്തത്. എന്നാൽ പുതിയ മൊഴികൾ എഫ്‌ഐആർ ഇടാൻ വേണ്ടിയാണെന്നും എഫ്‌ഐആർ ദുർബലമാണെന്നുമാണ് പ്രതിഭാഗം പറയുന്നത്.
ചില ഉദ്യോഗസ്ഥർ വ്യക്തിപരമായ വൈരാഗ്യം തീർക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാ സമ്പന്നമായ കഥയാണ്. വധഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം പറയുന്നു.

