കെ റെയിൽ പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ പിന്തുണ നൽകാം; കെ സുധാകരൻ

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ പദ്ധതിയ്ക്ക് പിന്തുണ നൽകാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നാൽ ഇതുവരെ ചെയ്തത് നിയമ വിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതിയ്ക്ക് ഇപ്പോൾ അംഗീകാരം നൽകില്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയാണ്. ജനാധിപത്യ സംവിധാനത്തിന് പോലും അപമാനമാണിതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈന് ബദലാകുമോ എന്ന് പരിശോധിക്കണമെന്നാണ് കോൺഗ്രസ് എംപി ശശി തരൂർ ആവശ്യപ്പെടുന്നത്. സിൽവർ ലൈൻ ജനദ്രോഹപരമാകുമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ചർച്ച ചെയ്യേണ്ടാതണെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ മുൻനിലപാടുകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് തരൂർ രേഖപ്പെടുത്തിയത്. പാർട്ടി നിലപാടിനൊപ്പമാണ് ശശി തരൂരെന്നും കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിക്കാൻ കഴിഞ്ഞെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ശശി തരൂരിനോട് വീശദീകരണം ചോദിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.