കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ദിശ എന്ന സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കമ്മീഷന് സാക്ഷികൾ നൽകിയ മൊഴിയിൽ പരാമർശമുളളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പീഡന പരാതികൾ പരിഗണിക്കുന്നതിന് ജില്ലാ തലങ്ങളിലായി 258 നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

