ഡിപിആര്‍ വ്യക്തമല്ല; കെ-റെയിലിന് അനുമതിയില്ലെന്ന് കേന്ദ്രം

k rail

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് തല്‍ക്കാലം അനുമതിയില്ലെന്ന്‌ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.

പദ്ധതിയുടെ ഡിപിആറില്‍ വ്യക്തത ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ പരിസ്ഥിതി, സാമൂഹിക പഠനം അടക്കം നടത്തിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും, വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട വായ്പയെ സംബന്ധിച്ചും കേന്ദ്രത്തിന് വ്യക്തത ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. റെയില്‍വെ ഭൂമി ഉപയോഗിക്കുമ്പോള്‍, റെയില്‍വെ സ്വത്തുക്കള്‍, നെറ്റ്‌വര്‍ക്കുകള്‍ എന്നിവയെ എത്രത്തോളം ബാധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കെ-റെയില്‍ കോര്‍പ്പറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പദ്ധതിക്ക് അനുമതിയുണ്ടെന്നാണ് നേരത്തെ ‘ചിന്ത’ വാരികയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. പണം കണ്ടെത്താന്‍ വായ്പ കണ്ടെത്തുന്നതിന് നീതി ആയോഗും കേന്ദ്രധനമന്ത്രാലയവും റെയില്‍വെ മന്ത്രാലയവും അനുമതി നല്‍കി. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ജര്‍മന്‍ ബാങ്കായ എഐഎഫ്ഡബ്ല്യു, എഡിബി എന്നിവയുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും ചിന്ത ലേഖനത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.