ഗൂഢാലോചന കേസ്: ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക്

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണ്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഇതിനായി ദിലീപ് ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ ആലുവ കോടതിക്ക് കൈമാറി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതികള്‍ അഭിഭാഷകന്‍ മുഖേനയാണ് പാറ്റേണ്‍ കൈമാറിയത്.

ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് നല്‍കണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ സംഭാഷണത്തിലുളളത് തങ്ങളുടെ ശബ്ദം തന്നെയാണെന്ന് ദിലീപും സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. അതിനാല്‍, ദിലീപിന്റെ ശബ്ദ പരിശോധന നടത്താനുള്ള കോടതി അനുമതിക്കായും അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.

കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദപരിശോധന നടത്താനാണ് നീക്കം. സംവിധായകന്‍ റാഫി അടക്കമുളളവരും ശബ്ദം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പ്രതികളുടെ ശബ്ദം തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയത്.