ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന് ശേഷമുള്ള പുതിയ ലോകക്രമത്തിൽ ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ബിജെപി പ്രവർത്തകരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വയംപര്യാപ്തതയിൽ അടിയുറച്ച ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികൾ പുതിയ ബജറ്റിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൈവ കൃഷിക്ക് ഊന്നൽ നൽകി കൊണ്ട് ഇന്ത്യയുടെ കാർഷിക രംഗത്തെ ആധുനികവത്കരിക്കുന്നതിന് ഇത്തവണത്തെ ബജറ്റ് പ്രത്യേക പ്രാധാന്യം നൽകുന്നു. അതിലൂടെ കൃഷി കൂടുതൽ ലാഭകരമാകും. കർഷകർക്ക് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാവപ്പെട്ടവർക്കായി 80 ലക്ഷം വീടുകൾ നിർമിക്കുന്നതിനായി 48,000 കോടി രൂപ ഇത്തവണത്തെ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഒരു ദേശീയ കർമപദ്ധതി ആരംഭിച്ചു. തീരുമാനം രാജ്യത്തെ കർഷകരെയും കൂടുതൽ ശക്തിപ്പെടുത്തും. ഈ സീസണിൽ കർഷകർക്ക് താങ്ങുവിലയായി 1.5 ലക്ഷം കോടി രൂപയുടെ പ്രയോജനം ലഭിക്കും. അതിർത്തി ഗ്രാമങ്ങളിലൂടെയുള്ള കുടിയേറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ അതിർത്തി ഗ്രാമങ്ങൾ ഊർജ്ജസ്വലമാക്കുന്നതിനും വികസനത്തിനമായി ബജറ്റിൽ പ്രത്യേക പദ്ധതികളുണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ബജറ്റിൽ നിർദേശങ്ങളുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റിയും 5-ജി സാങ്കേതികതയും ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴ് വർഷമായി സർക്കാർ സ്വീകരിച്ചുവരുന്ന തീരുമാനങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. 2013-14 കാലത്ത് ഇന്ത്യയുടെ പൊതു നിക്ഷേപം വെറും 1.87 ലക്ഷം കോടിയായിരുന്നു. ഇത്തവണത്തെ ബജറ്റിൽ അത് 7.5 ലക്ഷം കോടിയാണ്. യുപിഎ സർക്കാരിന്റെ കാലത്തേതിനെ അപേക്ഷിച്ച് ഇത് നാലിരട്ടി വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർധനവ് നേരിട്ടുള്ള വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന് അവസരമൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.

