വന്ദേഭാരത് കെ-റെയിലിന് ബദലാകുമോ എന്ന് പരിശോധിക്കണം: ശശി തരൂര്‍

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കണമെന്ന നിലപാടുമായി ശശി തരൂര്‍ എംപി. മൂന്നുവര്‍ഷത്തിനകം 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പുറത്തിറക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചതിന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ തരൂരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തരൂരിനെതിരെ നടപടി എടുക്കണമെന്ന് ദേശീയ നേതൃത്വത്തോട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയില്‍ പുനഃപരിശോധിക്കണമെന്ന നിലപാടിലേക്ക് തരൂര്‍ എത്തിചേര്‍ന്നിരിക്കുന്നത്. ‘ഇന്ന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്’- തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടിരുന്നു.