കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും. കേസിലെ ആറ് ഫോണുകള്‍ ഡിജിപിയ്ക്ക് നല്‍കുകയാണെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍, ഫോണുകള്‍ കൈമാറരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്ന ആലുവ കോടതിയ്ക്ക് ഫോണുകള്‍ അയക്കാമെന്ന് ഹൈക്കോടതി പറയുകയും ഈ നിര്‍ദ്ദേശം രണ്ടുകൂട്ടരും സമ്മതിക്കുകയും ചെയ്തു.
ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്ന വിധം കോടതിക്ക് നല്‍കാമെന്നും ദിലീപ് അറിയിച്ചു. അന്വേഷണ സംഘം ഫോണുകള്‍ ആലുവ കോടതിയില്‍ നിന്ന് കൈപ്പറ്റണം. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണോ വേണ്ടയോ എന്നത് ആലുവ മജിസ്‌ട്രേറ്റിന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന പ്രോത്സാഹിപ്പിക്കാനാകില്ലെന്നും, നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ എത്താമെന്നും കോടതി നിരീക്ഷിച്ചു.

