കൊച്ചി: സി കാറ്റഗറി ഏര്‍പ്പെടുത്തിയിരിക്കുന്ന ജില്ലകളില്‍ സിനിമാ തിയേറ്ററുകളുടെ പ്രവര്‍ത്തനം പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, തിയേറ്ററുകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ല. മാളുകളിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്നാണ് സര്‍ക്കാരിന്റെ വാദം. തിയേറ്ററുകള്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്താണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, തിയേറ്റര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഫെഫ്ക.

