ന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും അവർക്ക് ദിശാബോധം നൽകുന്നതിനും എല്ലാ സംസ്ഥാനങ്ങളിലെയും വനിതാ കമ്മീഷൻ അംഗങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന വനിതാ കമ്മീഷൻ, വനിതാ ശിശുക്ഷേമ വകുപ്പ്, സർവ്വകലാശാല, സ്‌കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വളർന്നു വരുന്ന ഇന്ത്യയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളുടെ കഴിവുകളെ രാജ്യത്തിന്റെ വികസനവുമായി ബന്ധിപ്പിക്കുന്ന ഒന്നാണ് ആത്മനിർഭർ ഭാരത് ക്യാമ്പെയിൻ. 2016 ന് ശേഷം രാജ്യത്ത് ഉയർന്നുവന്ന 60,000 ത്തിൽ അധികം സ്റ്റാർട്ടപ്പുകളിൽ 5 ശതമാനം എണ്ണത്തിലെങ്കിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടർ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് 2015 മുതൽ 185 വനിതകൾ പദ്മ പുരസ്‌കാരം നേടി. 34 വനിതകൾക്കാണ് ഈ വർഷം പുരസ്‌കാരം ലഭിച്ചത്. ഇത് റെക്കോർഡ് നേട്ടം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യ സ്ത്രീകൾക്ക് പ്രസവാവധി ഉൾപ്പെടെ ഏറ്റവുമധികം അവധി ദിവസങ്ങൾ നൽകുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

