മുലയൂട്ടുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; ഈ ഭക്ഷണങ്ങൾ നിർബന്ധമായും ആഹാരക്രമത്തിൽ ഉൾപ്പെടുത്തൂ….

ഗർഭിണികളെ പോലെ മുലയൂട്ടുന്ന അമ്മമാരും പോഷക ഗുണങ്ങളുള്ള ആഹാരം വേണം കഴിക്കേണ്ടത്. അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളൂ. മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണ ശീലം കുഞ്ഞിനെയും ബാധിക്കുമെന്ന കാര്യം അറിഞ്ഞിരിക്കണം. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഊർജ്ജം, മാംസ്യം, കാൽസ്യം, വിറ്റാമിനുകുൾ എന്നിവയുടെ ആവശ്യകത കൂടുതലാണ്. അതിനാൽ തന്നെ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ ഊർജ്ജത്തിന്റെ നല്ല സ്രോതസ്സുകളാണ്. മുലയൂട്ടുന്ന സമയത്ത് പ്രോട്ടീനിന്റെ ആവശ്യകതയും വർധിക്കും. പാൽ, പാൽ ഉൽപ്പന്നങ്ങൾ, പയർ പരിപ്പ് വർഗങ്ങൾ, മത്സ്യം, മുട്ട, ഇറച്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അണ്ടിപ്പരിപ്പ്, ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ, നെല്ലിക്ക, എളള് തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

എള്ള്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, കാരറ്റ്, ചേന എന്നിവയും മുലയൂട്ടുന്ന അമ്മമാർ കഴിക്കണം. ഇവ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കും. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഓട്‌സ്. ഇതിലെ ഡയറ്ററി ബീറ്റാ ഗ്ലൂക്കേൻ ആണ് മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർ ധാരളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.