തമിഴ്‌നാട്ടിൽ എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുന്നു; നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ

ചെന്നൈ: തമിഴ്‌നാട്ടിൽ എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത്. രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര എജൻസികളും തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി.

ഇന്ത്യയിലെ ബാങ്കുകളിലെ പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ടാണ് എൽടിടിഇയുടെ തിരിച്ചുവരവെന്നാണ് റിപ്പോർട്ട്. ശ്രീലങ്കൻ സ്വദേശിയുൾപ്പടെ അഞ്ചു പേർ ചെന്നൈയിൽ വ്യാജപാസ്പോർട്ടുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ആരംഭിച്ചതോടെയാണ് എൽടിടിഇ ബന്ധത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്.

തമിഴ് പുലികൾക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്ന് നേരത്തെ സമാഹരിച്ച കോടിക്കണക്കിന് രൂപ പല അക്കൗണ്ടുകളിലായി ഇന്ത്യയിലെ ബാങ്കുകളിൽ ഇപ്പോഴുമുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഈ പണം പിൻവലിച്ച് എൽടിടിഇയുടെ പുനരേകീകരണത്തിന് ധനസമാഹരണം നടത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.