കേരളത്തിലെ എല്ലാ വീടുകളിലും ഇനി സിറ്റി ഗ്യാസ് പദ്ധതി

ആലപ്പുഴ: കേരളത്തിലെ മുഴുവന്‍ വീടുകളിലും പ്രകൃതിവാതകം എത്താന്‍ സാധ്യതയൊരുങ്ങി. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഐ.ഒ.സി.-അദാനി കണ്‍സോര്‍ഷ്യവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എ.ജി. ആന്‍ഡ് പി. (അറ്റ്‌ലാന്റിക്, ഗള്‍ഫ് ആന്‍ഡ് പസിഫിക് കമ്പനി)യുമാണ് സിറ്റി ഗ്യാസ് വിതരണച്ചുമതലക്കാര്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സിറ്റി ഗ്യാസ് വിതരണത്തിന് ഷോള ഗ്യാസ്‌കോ ലിമിറ്റഡിന് പി.എന്‍.ജി.ആര്‍.ബി. (പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ്) അനുമതി നല്‍കിയിട്ടുണ്ട്.

തെക്കന്‍ജില്ലകളില്‍ പൈപ്പിടലിനുള്ള നടപടികള്‍ തീരാന്‍ സമയമെടുക്കുമെന്നതിനാല്‍ വലിയ ടാങ്കുകളില്‍ (എല്‍.സി.എന്‍.ജി.) ശേഖരിച്ച് സമീപ പ്രദേശങ്ങളില്‍ ഗ്യാസ് നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ചേര്‍ത്തലയിലെയും തിരുവനന്തപുരത്തെയും എല്‍.സി.എന്‍.ജി.യുടെ ജോലികള്‍ ജൂണില്‍ പൂര്‍ത്തിയാകുമെന്ന് എ.ജി. ആന്‍ഡ് പി. വൈസ് പ്രസിഡന്റും റീജണല്‍ ഹെഡ്ഡുമായ രഞ്ജിത്ത് രാമചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ പൈപ്പിടുന്നതിന്റെ നടപടികളും വേഗത്തില്‍ നടക്കുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ മാര്‍ച്ചോടെ 23 സി.എന്‍.ജി. പമ്പുകള്‍ പൂര്‍ത്തിയാകും. വീടുകളില്‍ പാചകത്തിനു പ്രകൃതി വാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇതിനൊപ്പം പമ്പുകളില്‍ ഇന്ധനമായും നല്‍കും.