മീഡിയവൺ ചാനലിന്റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: മീഡിയവൺ ചാനലിന്റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാറിനോട് കോടതി വിശദീകരണം തേടി. ഹർജി ബുധനാഴ്ച്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നുമാണ് മീഡിയാ വൺ ചാനൽ കോടതിയെ അറിയിച്ചത്. തൽക്കാലം സംപ്രേഷണം നിർത്തുന്നുവെന്നും മീഡിയാ വൺ വ്യക്തമാക്കിയിരുന്നു.

സെക്യരിറ്റി ക്ലിയറൻസ് എന്ന നിലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ് എന്ന നിലയിലാണ് കമ്മ്യൂണിക്കേഷൻ നടന്നിരിക്കുന്നതെന്ന് മീഡിയാ വൺ ചാനൽ എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. ചാനലിന്റെ ലൈസൻസ് പുതുക്കേണ്ട ഒരു സന്ദർഭമായിരുന്നു. ഈ മാസം 19 ന് അതിനു വേണ്ടിയിട്ടുള്ള കമ്മ്യൂണിക്കേഷൻ വാർത്താവിതരണ മന്ത്രാലയവുമായി ആരംഭിച്ചതാണ്. അത് സാധാരണ നിലയിൽ എല്ലാവർഷവും നടക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കണമെന്ന വിശദീകരണ നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കുന്നുവെന്നാണ് വാർത്താവിതരണ മന്ത്രാലയം അറിയിച്ചത്. സെക്യരിറ്റി ക്ലിയറൻസ് എന്ന നിലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ് എന്ന നിലയിലാണ് കമ്മ്യൂണിക്കേഷൻ നടന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് ചാനൽ കടന്നതായും പ്രമോദ് രാമൻ വ്യക്തമാക്കി.