തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വിഷയത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർവ്വകലശാല രജിസ്ട്രാർക്ക് സർക്കാർ നിർദ്ദേശം നൽകി. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവന സൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗത്തിൽ നൽകാൻ വേണ്ടിയാണ് എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റൻറ് സി ജെ എൽസി വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയത്. സംഭവത്തിൽ വിജിലൻസ് കഴിഞ്ഞ ദിവസം എൽസിയെ അറസ്റ്റ് ചെയ്തിരുന്നു. വിജിലൻസ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എൽസിയെ അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂരുള്ള കോളേജിൽ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർത്ഥിയിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ എൽസി നേരത്തെ കൈക്കലാക്കിയിരുന്നു. വീണ്ടും പണം വാങ്ങുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്.

