ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ദിലീപ് അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യം അനുവദിക്കരുത്. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോവാനാവുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപിന് ലഭിച്ചത്ര ഇത്തരം ആനുകൂല്യങ്ങള്‍ വേറാര്‍ക്കും ലഭിച്ചിട്ടില്ല. ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ട്. ഏഴ് ഫോണിന്റെ കാര്യമാണ് ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍ ഏഴില്‍ കൂടുതല്‍ ഫോണുകള്‍ ഉണ്ടാവാം. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണ്‍ വിവരങ്ങള്‍ സിഡിആര്‍, ഐഎംഇ രേഖകള്‍ വെച്ച് അന്വേഷണ സംഘം കണ്ടുപിടിച്ചതാണ്. പ്രതി സ്വമേധയാ തന്നതല്ല. ദിലീപ് ഫോണുകള്‍ മാറ്റിയത് നിസ്സഹകരണമായി കണക്കാക്കണമെന്നും ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍, പ്രോസിക്യൂഷന്‍ എഴുതി നല്‍കിയതിലെ 2,3,4 ക്രമനമ്പറുകളിലെ ഫോണുകളാണ് കൈമാറിയത് ഒന്നാം നമ്പറില്‍ പറയുന്ന നാലാമത്തെ ഐ ഫോണ്‍ ഏതാണെന്ന് തനിക്കറിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

അതേസമയം, കെട്ടിച്ചമച്ച കേസാണ് ദിലീപിനെതിരേ ഉള്ളതെന്നും, കേസന്വേഷണവുമായി ദിലീപ് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയെ അറിയിച്ചു. ദിലീപിന്റെ വീട്ടിലെ സകല പുരുഷന്മാരേയും കേസില്‍ പ്രതിചേര്‍ത്തു. ഇനി 84 വയസ്സുള്ള അമ്മയും സ്ത്രീകളും മാത്രമാണ് കേസിലുള്‍പ്പെടുത്താനുള്ളതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.