ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന കടയുടമയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ അങ്കമാലി പോലീസിൽ പരാതി നൽകി.

എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന ഷലീഷാണ് മരിച്ചത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാദ്ധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഷലീഷിന്റെ സഹോദരനാണ് പരാതി നൽകിയത്. 2020 ഓഗസ്റ്റിൽ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് ഷലീഷ് മരണപ്പെട്ടത്. ഷലീഷ് ഓടിച്ചിരുന്ന കാർ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.

മരണത്തിൽ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണെന്നുമാണ് ഷലീഷിന്റെ കുടുംബം മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് നടത്തിയിരുന്നത് ഷലീഷിന്റെ എറണാകുളത്തെ സർവീസ് സെന്ററിലായിരുന്നു. ദിലീപുമായി ഷലീഷിന് അടുത്ത ബന്ധവും ഉണ്ടായിരുന്നു. ചില സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അതേസമയം പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവിൽ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.