ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയ്ക്കും ബഹുജൻ സമാജ്‌വാദി പാർട്ടിയ്ക്കും തിരിച്ചടി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ്‌വാദി പാർട്ടിയ്ക്കും ബഹുജൻ സമാജ്‌വാദി പാർട്ടിയ്ക്കും തിരിച്ചടി. ഇരു പാർട്ടികളിലെയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേർന്നു.

മുൻ മന്ത്രിയും ബിഎസ്പി എംഎൽഎയുമായ രംഗനാഥ് മിശ്ര, എസ്പി നേതാവും മുൻ എംഎൽഎയുമായ മനീഷ് റാവത്ത്, ഡോ. മനോജ് കുമാർ പ്രജാപതി തുടങ്ങിയവർ ബിജെപി അംഗത്വം സ്വീകരിച്ചു. മുൻ മന്ത്രിയും നിലവിൽ ഭദോഹി നിയമസഭാ മണ്ഡലത്തിലെ ബിഎസ്പി എംഎൽഎയുമാണ് രംഗനാഥ് മിശ്ര. സിധൗലി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയാണ് മനീഷ് റാവത്ത്. ഹമീർപൂർ നിയമസഭാ മണ്ഡലത്തിലെ മുൻ എസ്പി സ്ഥാനാർഥിയാണ് ഡോ. മനോജ് കുമാർ പ്രജാപതി.

ലഖ്നൗവിൽ ബിജെപി ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് നേതാക്കൾ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിയും തെരഞ്ഞെടുപ്പ് കോ- ഇൻ ചാർജ്ജുമായ ശോഭ കരന്ദ്‌ലാജെ, യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് എന്നിവർ ചേർന്നാണ് നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഉത്തർപ്രദേശിന്റെ മാറ്റത്തിനായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും സംസ്ഥാനത്തെ ബിജെപിയുടെ വൻ സ്വീകാര്യതയുമാണ് ഈ നേതാക്കൾ പാർട്ടിയിലേക്കെത്താൻ കാരണമായതെന്ന് ശോഭ കരന്ദ്‌ലാജെ അറിയിച്ചു.