പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനാർഥി നിർണയത്തിൽ ചർച്ച തുടർന്ന് കോൺഗ്രസ്

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ആണോ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനെയാണോ തെരഞ്ഞെടുക്കുന്നതെന്ന് രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.

‘ശക്തി’ ആപ് വഴി അംഗങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും കൂടിയാലോചനകൾ അവസാന ഘട്ടത്തിലാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചരൺസിംഗ് ഛന്നി മുഖ്യമന്ത്രി സ്ഥാനാർഥിയാകാനാണ് സാധ്യത കൂടുതലുള്ളത്. ഇത്തവണ രണ്ടു മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുമെന്ന് ഛന്നി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചാംകൗർ സാഹിബിലും ബദൗർ മണ്ഡലത്തിലുമാണ് ഛന്നി മത്സരിക്കുക. മുഖ്യമന്ത്രി സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിവരം.

ആരെ തീരുമാനിച്ചാലും പൂർണപിന്തുണ നൽകുമെന്ന ഉറപ്പ് ഛന്നിയിൽ നിന്നും സിദ്ദുവിൽ നിന്നും രാഹുൽ വാങ്ങിയിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും പോര് കടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഏതുവിധേനയും ഇരുവരെയും അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ ശ്രമം. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10 നാണ് ഫലപ്രഖ്യാപനം.