മധുവിന്റെ കുടുംബത്തിന് സഹായവുമായി മമ്മൂട്ടി; മുതിർന്ന അഭിഭാഷകൻ നന്ദകുമാറിനെ ചുമതലപ്പെടുത്തി

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടൻ മമ്മൂട്ടി. മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകാമെന്നാണ് മമ്മൂട്ടി നൽകിയ വാഗ്ദാനം. മമ്മൂട്ടിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പിആർഒ മധുവിന്റെ കുടുംബത്തെ ബന്ധപ്പെട്ടു.

നിയമ മന്ത്രി പി രാജീവുമായി മമ്മൂട്ടി കേസിന്റെ മുന്നോട്ടു പോക്കിനെക്കുറിച്ച് സംസാരിക്കുകയും മധുവിന്റെ കുടുംബത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ മുതിർന്ന അഭിഭാഷകനായ നന്ദകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂക്കയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് വ്യക്തമാക്കി. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു അദ്ദേഹം നിർദ്ദേശമെന്നും റോബർട്ട് പറഞ്ഞു. സംസ്ഥാന നിയമമന്ത്രി ശ്രീ പി രാജീവിനെയും അദ്ദേഹം അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മൂക്കക്ക് ഉറപ്പും കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിൻറെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിൻറെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ തങ്ങളെ അറിയിക്കുകയുണ്ടായെന്ന് റോബർട്ട് വിശദമാക്കി.

തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ: നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലെങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും റോബർട്ട് കൂട്ടിച്ചേർത്തു.