കോവിഡ്; സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: കോവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാൻ അതിജീവന സഹായം കേന്ദ്രബഡ്ജറ്റിൽ ഉണ്ടാകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിച്ചു. ജി.എസ്.ടി നഷ്ടപരിഹാര സംവിധാനം അഞ്ചുവർഷംകൂടി തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

നഷ്ടപരിഹാര കുടിശിക ലഭ്യമാക്കണം. കേന്ദ്രനികുതി വിഹിതത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തണം. എൺപതുകളിൽ 3.92 ശതമാനമായിരുന്ന വിഹിതം നിലവിൽ 1.925 ശതമാനമാണ്. 2020-21 ൽമാത്രം 6400 കോടി രൂപയുടെ വരുമാന നഷ്ടമുണ്ട്. ഇത് പരിഹരിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ഉയർത്തണമെന്ന ആവശ്യവും കേരളം മുന്നോട്ടുവെച്ചു. സംസ്ഥാനവും റെയിൽവേ മന്ത്രാലയവും സംയുക്തമായി ഏറ്റെടുക്കുന്ന കെ റെയിൽ അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണയും സഹായവും ഉറപ്പാക്കണമെന്നും വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്കുള്ള വിപണി വായ്പകളെ ധന ഉത്തരവാദിത്വ നിയമത്തിൽനിന്ന് ഒഴിവാക്കണമെന്നും കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

തിരികെയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ് വേണം. കാർഷിക, ചെറുകിട വ്യവസായമേഖലകൾക്കും കശുവണ്ടി, കയർ, കാപ്പി, റബർ, ഏലം, തേയില ഉൾപ്പെടെ നാണ്യവിളകൾക്കുമായി പ്രത്യേക സഹായം വേണം. തൊഴിലുറപ്പിന് സഹായം ഉറപ്പാക്കണം സഹകരണ ബാങ്കുകൾക്കുള്ള ആദായനികുതി ഇളവുകൾ സഹകരണ സംഘങ്ങൾക്കും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾക്ക് പുറമെ അയ്യൻകാളി നഗര തൊഴിലുറപ്പു പദ്ധതിക്ക് സഹായം അനുവദിക്കണം. തൊഴിലുറപ്പു ദിനങ്ങളും കൂലിയും വർധിപ്പിക്കണം. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ ക്യാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

പ്രതിവർഷം കാൽ ശതമാനം നിരക്കിൽ കുറയുകയും, 2025-26ൽ മൂന്നു ശതമാനത്തിലെത്തുകയും ചെയ്യുന്ന നിലയിൽ കടമെടുപ്പ് പരിധി ഉപാധിരഹിതമാക്കണം. വികസന ഏജൻസികളിൽനിന്നുള്ള വായ്പകളെ മൂന്നു വർഷത്തേക്ക് വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കണം. ജിഎസ്ടിയുടെയും പെട്രോളിയം നികുതിയുടെയും ഭാഗമായ സെസുകളും സർചാർജുകളും പിൻവലിക്കണം. ധന കമീഷൻ കേരളത്തിനായി ശുപാർശ ചെയ്ത 1100 കോടി രൂപയുടെ പ്രത്യേക മേഖലാ സഹായങ്ങൾ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടു.