ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ചും വാക്‌സിൻ വിതരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്യും. കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തിൽ പോലും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഡോക്ടർമാർ, നഴ്സുമാർ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ ഒരുമയോടെ പ്രവർത്തിച്ചു. അവർക്കെല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വാക്സിനേഷൻ പരിപാടി. ഒരു വർഷത്തിൽ കുറഞ്ഞ സമയം കൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണം ചെയ്തു. ഏറ്റവുമധികം ഡോസ് വാക്സിനുകൾ നൽകിയ രാജ്യങ്ങളിൽ ഒന്നായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വങ്ങളെ അദ്ദേഹം അനുസ്മരിച്ചു. സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽനിന്ന് 21 വയസ്സായി ഉയർത്തുന്നതിന് നിയമനിർമാണം നടത്താൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തിൽ ഉയർത്തിക്കാട്ടി. സ്ത്രീശാക്തീകരണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഉജ്ജ്വല യോജന, മുദ്ര യോജന, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആയുഷ്മാൻ ഭാരത്, ജൻ ഔഷധി കേന്ദ്ര, ഗരീബ് കല്യാൺ യോജന, പിഎം സ്വനിധി യോജന തുടങ്ങിയ സർക്കാർ പദ്ധതികളുടെ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

