ഗൂഢാലോചന കേസ്: ഫോണുകള്‍ കോടതിയില്‍ ഹാജരാക്കി

കൊച്ചി: ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെയടക്കം ആറ് ഫോണുകള്‍ കോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവ മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറി. മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

മുംബൈയില്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ച ഫോണുകള്‍ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായാണ് ദിലീപിന് ലഭിച്ചത്. തിരികെ ലഭിച്ചാല്‍ കോടതി നിര്‍ദേശ പ്രകാരം ഫോണുകള്‍ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വാദിച്ചിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണെന്നാണ് ദിലീപ് പറഞ്ഞത്. നാലാമത്തെ ഫോണ്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും ജസ്റ്റിസ് പി. ഗോപിനാഥ് ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.