വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയും, അഞ്ച് വര്‍ഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വര്‍ധനയുമാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. എന്നാല്‍, നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയ്യാറാക്കിയ താരിഫ് പെറ്റീഷന്‍ അംഗീകരിക്കുന്നതിനായി റെഗുലേറ്ററി കമ്മീഷന് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് മന്ത്രി സൂചന നല്‍കിയത്.

ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ടെന്നും, കെ എസ് ഇ ബിയുടെ നിലനില്‍പ്പ് നോക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 5 പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍, അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ തല്‍ക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.