2022 കേന്ദ്ര ബജറ്റിനെ വളരെയേറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ കാത്തിരിക്കുന്നത്. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണ് പ്രതീക്ഷ. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബജറ്റിനെ വലിയ അളവില്‍ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
വിലക്കയറ്റം നിയന്ത്രിക്കല്‍, നികുതി ഇളവ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പ്രധാനമായും പൊതുജനങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങളില്ലെന്നും പരാതികളുണ്ട്. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനമാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പട്ടു. കൊവിഡ് മഹാമാരി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിപ്പിച്ചതിനാല്‍ ഈ വിടവ് നികത്താനുള്ള ധാര്‍മ്മിക ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ചിലര്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ തുക വകയിരുത്തണമെന്നും അതിസമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കണമെന്നും പലരും നിര്‍ദ്ദേശിച്ചു. ഇത്തരം ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിഗണിക്കുമെന്നും നീതി ആയോഗും ഉറപ്പ് നല്‍കി.
ബജറ്റുമായി ബന്ധപ്പെട്ട് ആകെ 3,124 നിര്‍ദ്ദേശങ്ങളാണ് myGov.in വെബ്സൈറ്റിലൂടെ പൊതുജനങ്ങളില്‍ നിന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ അഭിപ്രായങ്ങളെ വിശകലനം ചെയ്തു കൊണ്ട് തന്നെയാകും ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്നാണ് സൂചന.

