ഇന്ത്യയിൽ 3.03 കോടി യുവാക്കൾക്ക് ജോലിയില്ല; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.

ഇന്ത്യയിൽ 3.03 കോടി യുവാക്കൾക്ക് ജോലിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ലോക്ക് ഡൗൺ കാലയളവിനേക്കാൾ കൂടുതലാണെന്ന മാദ്ധ്യമ റിപ്പോർട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 1.26 കോടിയായി ഉയർന്നയാണ് മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നത്.

എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ നിർബന്ധിതരാവുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു അഹങ്കാരി ഇപ്പോഴും കണ്ണടച്ച് ഇരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ എൻടിപിസി സ്റ്റേജ് 1 പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ബീഹാറിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുകയാണ്. ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകളും സംശയങ്ങളും പരിശോധിക്കാൻ റെയിൽവേ മന്ത്രാലയം ഉന്നതാധികാര സമിതിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ആശങ്കകൾ സമർപ്പിക്കാൻ ഫെബ്രുവരി 16 വരെ മൂന്നാഴ്ച സമയം നൽകിയിരിക്കുകയാണ്. ഈ ആശങ്കകൾ പരിശോധിച്ച ശേഷം സമിതി മാർച്ച് 4 നകം ശുപാർശകൾ സമർപ്പിക്കും.