അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത്; മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തിൽ പ്രതികരിച്ച അധ്യാപകരെ വിമർശിച്ചതിനാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപകർ രംഗത്തെത്തിയത്. അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സർവീസ് ചട്ടങ്ങൾ അനുശാസിക്കുന്ന ചാട്ടവാർ ഉപയോഗിച്ച് അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാൾ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ലെന്നാണ് സിപിഐ സംഘടനയായ എകെഎസ് ടിയു അറിയിച്ചത്. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ടെന്നും സംഘടന വ്യക്തമാക്കി. അധ്യാപകരെ സർക്കാർ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. അധ്യാപകരുടെ ജോലി പഠിപ്പിക്കൽ ആണെന്നും അവരത് ചെയ്താൽ മതിയെന്നുമായിരുന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചാൽ മതി. എല്ലാവരും ചേർന്നുകൊണ്ട് ഒരു ചുമതല നിർവഹിക്കണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതേസമയം വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അറിയിച്ചു. ഫോക്കസ് ഏരിയ നിർണയവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച ഏകപക്ഷീയമായ നടപടിക്കെതിരെ സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും ബുധനാഴ്ച കെ.പി.എസ്.ടി.എ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.