അട്ടപ്പാടി മധു വധക്കേസ്: കുടുംബത്തിന് നിയമ സഹായവുമായി നടന്‍ മമ്മൂട്ടി

പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം പിന്നിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പോലും തുടങ്ങാത്ത സാഹചര്യത്തില്‍ മധുവിന്റെ കുടുംബത്തിന് നിയമ സഹായവുമായി നടന്‍ മമ്മൂട്ടി രംഗത്ത്. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനിടെയാണ് മമ്മൂട്ടി നിയമസഹായവുമായെത്തുന്നത്.

നടന്റെ ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് സഹായവാഗ്ദാനം നല്‍കുമെന്ന് അറിയിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു. മമ്മൂട്ടിയുടെ ഓഫീസിലെ പ്രതിനിധികള്‍ മധുവിന്റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായും ഇതു സംബന്ധിച്ച് നടന്‍ നിയമ മന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പോലീസ് കാല താമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ് വ്യക്തമാക്കി.