ന്യൂഡൽഹി: മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണം അനിവാര്യമാണെന്ന് വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഭയപ്പെടുത്തിയുള്ള മതപരിവർത്തനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മതപരിവർത്തനത്തിനെതിരെ നിയമം തീർച്ചയായും ഉണ്ടാകേണ്ടതുണ്ടെന്നും ആരെയും ഉപദ്രവിക്കുന്ന തരത്തിലാകരുത് ഈ നിയമങ്ങളെന്നും അദ്ദേഹം അറിയിച്ചു.
മതപരിവർത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം. എന്നാൽ നിയമം പാസാക്കിയതിന് ശേഷം ആരെയും തെറ്റായി ഉപദ്രവിക്കരുത്. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസങ്ങൾ തുടരാൻ അവകാശമുണ്ട്. എന്നാൽ ഭയപ്പെടുത്തുന്നതോ മറ്റ് രീതിയിലുള്ളതോ ആയ മതപരിവർത്തനം തീർത്തും തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം പഞ്ചാബിൽ ആം ആദ്മി സർക്കാർ അധികാരത്തിലെത്തിയാൽ 16000 മൊഹല്ല ക്ലിനിക്കുകൾ ആരംഭിക്കുമെന്നും അരവിന്ദ് കെജ്രിവാൾ ഉറപ്പു നൽകി. സംസ്ഥാനത്തെ ആശുപത്രികൾ പുനർനിർമ്മിക്കും. ഡൽഹിയിലെന്ന പോലെ പഞ്ചാബിലും ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഏർപ്പെടുത്തുമെന്നും പുതിയ നികുതികളൊന്നും ജനങ്ങൾക്ക് മേൽ ചുമത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

