തിരുവനന്തപുരം: വേങ്ങരയിലെ നേതാവിന് കാവ്യയും ദിലീപും കൂടി പണം കൊടുത്തുവെന്ന സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലിൽ സ്ഥിരീകരണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസ് അട്ടിമറിക്കാൻ ദിലീപിനൊപ്പം കാവ്യയും ഇടപെട്ടിട്ടുണ്ടെന്നായിരുന്നും ബാലചന്ദ്ര കുമാർ അറിയിച്ചു. ഒരു സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലായിരുന്നു ബാലചന്ദ്ര കുമാർ ഇക്കാര്യം അറിയിച്ചത്. വേങ്ങരയിൽ പോയി ദിലീപിന്റെ അളിയനും അനിയനും കൂടെ 2017 സെപ്തംബർ 21-ാം തീയതി ഒരു ഡീൽ ഉറപ്പിച്ചിരുന്നുവെന്നും അവർ വേങ്ങരയിൽ പോയ കാര്യവും എന്തിന് പോയെന്ന കാര്യവും തന്റെ മെസേജിൽ കിടപ്പുണ്ടെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
അനൂപിന്റെ ഫോൺ പരിശോധിച്ചാൽ അതിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടാകും. ആർക്ക് വേണ്ടി, എന്തിന് വേണ്ടി ഈ പണം കൊടുത്തുവെന്ന കാര്യം ഫോൺ പരിശോധിക്കുമ്പോൾ അറിയാമെന്നും തനിക്കറിയാവുന്നതും തെളിവുകളുള്ളതുമായ കാര്യങ്ങൾ മാത്രമാണ് താൻ പറയുന്നതെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി. കേസിൽ സ്വാധീനം ചെലുത്താൻ വേണ്ടിയാണ് നേതാവിന് പണം കൊടുത്തത്. ദിലീപ് ജയിലിൽ കിടന്ന സമയത്ത് അനിയനും അളിയനും ചേർന്നാണ് നേതാവിനെ ആദ്യം കണ്ടത്. ജയിൽ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടി വേങ്ങരയിൽ പോയി. ആ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വീട്ടിലേക്ക് അവർ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും കാശ് വാങ്ങുകയും ചെയ്തു. അവരെല്ലാവരും കൂടി അന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. അന്വേഷണം ഇത്രയും നീളുമ്പോഴും കാവ്യയുടെ ഫോണിൽ നിന്നും പോയ കോളുകളെ കുറിച്ച് ആരും പറയുന്നില്ല. ഈ നേതാവടക്കമുള്ളവർ ദിലീപിനെ ബന്ധപ്പെട്ടത് കാവ്യയുടെ ഫോൺ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ചിത്രങ്ങൾ വൈകാതെ പരസ്യപ്പെടുമെന്നും ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി.
കാവ്യയുടെ മൊബൈൽ ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചാൽ ഈ കൂടിക്കാഴ്ച നടന്നുവെന്ന കാര്യം ബോധ്യമാകും. കാവ്യയെ മാറ്റി നിർത്തി കൊണ്ട് ഈ അന്വേഷണം പൂർത്തിയാകില്ല. ഇവർ കൊടുത്തുവെന്ന പറയുന്ന അൻപത് ലക്ഷം വെറും അഡ്വാൻസ് മാത്രമാണ്. ശരിക്കുള്ള തുക ഇതിലും വലുതാണെന്നും ബാലചന്ദ്ര കുമാർ കൂട്ടിച്ചേർത്തു.

