ആലപ്പുഴ: സിപിഐ മന്ത്രിമാരുടെ മൗനത്തെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും നിയമസഭ കൂടുന്നതിന് മുമ്പുള്ള ഈ തിടുക്കം മനസിലാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം വെട്ടി കുറക്കുന്നതിന് ജനങ്ങള്‍ എതിരാണ്. മന്ത്രിസഭ തീരുമാനങ്ങള്‍ പ്രതിപക്ഷ നേതാവിന് നല്‍കിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നില്ല. കൊവിഡ് വ്യാപനത്തില്‍ സമൂഹത്തിന് ആശങ്കയുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയില്‍ നില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

