ജോലിയില്‍ പ്രവേശിച്ചത് എഴുത്ത് പരീക്ഷ എഴുതാതെ; എംജി യൂണിവേഴ്‌സിറ്റി ജീവനക്കാരിക്കെതിരെ വിശദാന്വേഷണവുമായി വിജിലന്‍സ്‌

കോട്ടയം: കൈക്കൂലി കേസില്‍ പിടിയിലായ എംജി യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റന്റായിരുന്ന സി.ജെ എല്‍സിയെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇവരുടെ നിയമനവും ക്രമവിരുദ്ധമാണെന്ന് സൂചനയുണ്ട്. ഇതിന് മുന്‍പും കൈക്കൂലി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുള്ളതിനാല്‍ കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം.

എഴുത്തു പരീക്ഷ എഴുതാതെയാണ് എല്‍സി 2010ല്‍ പ്യൂണായി ജോലിക്ക് കയറിയത്. പി എസ് സിക്ക് നിയമനം വിടും മുന്‍പ് സ്ഥാനക്കയറ്റം നല്‍കിയെന്നന്നും, ഇവര്‍ ഒരു ഇടതു സംഘടനയുടെ സജീവ പ്രവര്‍ത്തകയാണെന്നും പറയപ്പെടുന്നു. എല്‍സിയുടെ നിയമന രേഖകള്‍ സിന്‍ഡിക്കേറ്റ് യോഗം പരിശോധിക്കുമെന്നും, രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്നും സിന്‍ഡിക്കേറ്റ് അംഗം റജി സക്കറിയ പറഞ്ഞു.

എംബിഎ പരീക്ഷയില്‍ ജയിക്കാനുള്ള അവസാന അവസരമായ മേഴ്‌സി ചാന്‍സ് എഴുതിയ ശേഷം ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിയോടാണ് ഒന്നേകാല്‍ ലക്ഷം രൂപ തന്നാല്‍ വിജയിപ്പിക്കാമെന്ന് പറഞ്ഞ് കൈക്കൂലി ചോദിച്ചത്. അക്കൗണ്ടിലൂടെ പെണ്‍കുട്ടി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുകയും ശേഷം 30,000 രൂപ കൂടി വേണമെന്ന് എല്‍സി ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കുകയുമായിരുന്നു.