മൂക്കിലൂടെ സ്‌പ്രേ രൂപത്തിൽ സ്വീകരിക്കാൻ കഴിയുന്ന കോവിഡ് വാക്‌സിൻ; മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി

ഹൈദരാബാദ്: കോവിഡ് വാക്‌സിൻ ഗവേഷണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി. കൊവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച പുതിയ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. മൂക്കിലൂടെ സ്‌പ്രേ രൂപത്തിൽ സ്വീകരിക്കാൻ കഴിയുന്ന വാക്‌സിനാണ് അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്.

രണ്ട് ഡോസ് വാക്‌സിനായി നൽകുന്ന സാധ്യതയ്ക്കു പുറമെ നിലവിലുള്ള വാക്‌സിനുകൾക്ക് ബൂസ്റ്റർ ഡോസായി പുതിയ വാക്‌സിൻ നൽകുന്നതിനെ കുറിച്ചും ഭാരത് ബയോടെക് ചിന്തിക്കുന്നുണ്ട്. ബിബിവി 154 എന്ന കോഡുനാമത്തിലാണ് നേസൽ വാക്‌സിൻ അറിയപ്പെടുന്നത്. നേസൽ വാക്‌സിൻ വരുന്നതോടെ വാക്‌സിൻ വിതരണം ചെയ്യുന്ന പ്രക്രിയ കൂടുതൽ എളുപ്പമാക്കും.

സൂചിയും സിറിഞ്ചും ആവശ്യമില്ലെന്നു വരുന്നതോടെ വിദഗ്ധ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ തന്നെ വാക്‌സിനേഷന് ആവശ്യമില്ലെന്ന സാഹചര്യവുമുണ്ടാകും. ചെലവ് കുറയ്ക്കാനും നേസൽ വാക്‌സിനിലൂടെ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷിക്കപ്പെടുന്നു. വൈറസ് പകരുന്നത് ശ്വസനവ്യവസ്ഥയിലൂടെയായതിനാൽ മൂക്കിലേയ്ക്ക് നേരിട്ട് സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ കൂടുതൽ പ്രതിരോധശേഷിയുണ്ടാക്കാനും രോഗവ്യാപനം തടയാനും പുതിയ വാക്‌സിന് കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പരീക്ഷണം വിജയിച്ചാൽ മാർച്ച് മാസത്തോടെ വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.