ന്യൂഡല്‍ഹി: ഇസ്രയേലി ചാര സോഫ്‌റ്റ്വെയറായ പെഗാസസ് വാങ്ങിയ നടപടിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയത് മോദി സര്‍ക്കാര്‍ ചെയ്ത രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് കേന്ദ്രം പെഗാസസ് വാങ്ങിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി പെഗാസസ് ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, എന്‍എസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാട്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാര്‍ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‌വെയര്‍ കൈമാറിയതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടന്നിരുന്നു.
അതേസമയം, ‘ഒരു ബന്ധവുമില്ലെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. ജനങ്ങളോട് സര്‍ക്കാര്‍ പച്ചക്കള്ളം പറഞ്ഞു എന്ന് ഇപ്പോള്‍ വ്യക്തമായി. പാര്‍ലമെന്റിനേയും ജനങ്ങളെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഇത് അവകാശ ലംഘനത്തിന്റെ കൂടെ പ്രശ്‌നമാണ്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഉത്തരം പറഞ്ഞേ മതിയാകു. പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിക്കും’, കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

