വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി: കാലിക്കറ്റ് വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: മന്ത്രി ആര്‍. ബിന്ദുവിന് പ്രൊഫസര്‍ പദവി മുന്‍കാല പ്രാബല്യത്തില്‍ നല്‍കുന്നതിലെ വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനായി സര്‍വീസില്‍ നിന്നും വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രൊഫസര്‍ പദവി നല്‍കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ഗവര്‍ണര്‍ കാലിക്കറ്റ് വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്.

സര്‍വ്വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. അതിനാല്‍ യുജിസി ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് വൈസ്ചാന്‍സ്‌ലര്‍ പ്രൊഫസര്‍ പദവി നല്‍കാനായി ഉത്തരവിറക്കിയത്. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായിരുന്നു മന്ത്രി ബിന്ദു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ജോലിയില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. പ്രൊഫസര്‍ പദവി വെച്ച് ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇത് ദുര്‍ബലപ്പെടുത്താനാണ് സര്‍വ്വകലാശാല പ്രൊഫസര്‍ പദവി നല്‍കാന്‍ ഒരുങ്ങുന്നത്.

പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതോടെ ഫസര്‍ പദവി പിന്‍വലിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ കാലിക്കറ്റ് വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.