ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ നിലവിലെ കൊവിഡ് സാഹചര്യം, പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍, എടുക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചു. ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഇന്ന് 3 മണിക്ക് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുക.
കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായും മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ഇ-സഞ്ജീവനി, ടെലികണ്‍സള്‍ട്ടേഷന്‍, മോണിറ്ററിംഗ് ഹോം ഐസൊലേഷന്‍, കുറഞ്ഞ പരിശോധനാ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കല്‍ എന്നിവക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. കെ സുധാകര്‍ (കര്‍ണാടക), ഡോ.വീണ ജോര്‍ജ് (കേരളം), എം.സുബ്രഹ്മണ്യം (തമിഴ്‌നാട്), തണ്ണീരു ഹരീഷ് റാവു (തെലങ്കാന) എന്നിവരാണ് അവലോകന യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍.
ഹോം ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും, 15-17 വയസ് പ്രായമുള്ളവരുടെയും രണ്ടാമത്തെ ഡോസ് നല്‍കേണ്ടവരുടെയും വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

