തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച്ച അമേരിക്കയിൽ നിന്നും തിരിച്ചെത്തില്ല. അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിയിലേക്ക് പോകും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. ഒരാഴ്ച്ചത്തെ ദുബായ് സന്ദർശനം പൂർത്തിയാക്കി ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് വിവരം.
മയോ ക്ലിനിക്കിൽ ചികിത്സാ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി ജനുവരി 29 ന് കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ യാത്രാപരിപാടിയിൽ മാറ്റം വന്നത്.

